താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്കിടെ പ്രതികരിച്ച് ട്രഷറർ ഉണ്ണി ശിവപാൽ. ‘ചെകുത്താൻ പനപോലെ വളരട്ടെ’ എന്നാണ് ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.
അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി നേരിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യ പ്രതികരണത്തിന് എത്തുന്നത്.
അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന പരാതി ഉയർന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് സംഘടനയിലുണ്ടായത്.
ഇതിനെത്തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ണി ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ട്രഷററുടെ താൽക്കാലിക ചുമതലകൾ നടൻ കൈലാഷാണ് നിർവഹിക്കുന്നത്.
ഉണ്ണി ശിവപാൽ തനിക്ക് ലഭിച്ച ഔദ്യോഗിക പദവി പൂർണമായും ദുരുപയോഗം ചെയ്തു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം പറഞ്ഞിരുന്നു.